2017 ഫെബ്രുവരി 24, വെള്ളിയാഴ്‌ച

സീതായനം

കല്ലെറിയുന്ന പോലെ ചിലപ്പോ മിസ്സ്ഡ് കാൾ ,അയച്ച മെസ്സേജ് വായിച്ചുനോക്കാൻ  പറഞ്ഞുള്ള ഒരു തോണ്ടൽ .തിരക്കിട്ട പണിത്തിരക്കില് മെസ്സേജ് നോക്കാനൊന്നും ചിലപ്പോ പറ്റാറില്ല .ഗ്രീസ് പുരണ്ട കൈയ് തുണിയിൽ തുടച്ചു ചുണ്ണാമ്പ് തേച്ചു ഫോൺ തുറന്നാൽ നവമാധ്യമത്തിൽ ചാറ്റലിസ്റ്റിൽ മൂപ്പത്തിയാരുടെ പത്തിൽ കുറയാത്ത മെസ്സേജ് കാണാം .ഉള്ളടക്കങ്ങൾ ഒന്നുകിൽ വിശക്കുന്നുണ്ട് ,വയ്‌യ ഏട്ടാ അല്ലെങ്കിൽ അടുത്ത കടയിലെ ഓഫറിനെക്കുറിച്ചുള്ള സൂചന .പക്‌ഷേ ഏട്ടാ എന്ന ആ വിളി തൊട്ടടുത്താണെങ്കിലും ഒരുപാട് വിരഹവേദന അനുഭവിക്കുന്ന ഒരു തോന്നലാണ് .എല്ലാം അപ്പപ്പോ അറിയിച്ചില്ലെങ്കിൽ വല്ലാത്ത ഒരു മനസ്സുമുട്ട് അനുഭവപ്പെടുന്നുണ്ടായിരിക്കും .പ്രശസ്തമായ ഒരു കമ്പനീല് പേരുള്ള ഒരു അക്കൗണ്ടന്റാണ് ,എന്റയടുത്തെത്തുമ്പോ തീരെ ചെറിയ കുട്ട്യോൾടെ സ്വഭാവവും .എന്റെ സാമീപ്യം അവൾക്കു ഒരു വല്ലാത്ത ആശ്വാസാണ് .നെറുകയിൽ സ്നേഹത്തോടെയുള്ള ഒരു തലോടലിനോ ഒരു ചെറുചുംബനത്തിനോ കാത്തുള്ള ആ നിൽപ്പ് ,ചില സമയത്തു അറിയാതെ നഷ്ടപ്പെട്ടു പോകുന്ന നിമിഷങ്ങൾ .എന്നാലും  ചെറുചിരിയോടെ ചോദിച്ചു വാങ്ങും .

          പതിമൂന്ന് വർഷങ്ങൾക് മുന്നെ ഞാൻ കെട്ടിയ താലി കഴുത്തിൽ കയറുമ്പോ സർക്കാരിന്റ പ്രായനിബന്ധനയൊന്നും അവളുടെ വീട്ടുകാർ കണക്കാക്കിയില്ല .പിന്നീടങ്ങോട്ട്ട് ഒരു സഹനത്തിന്റെ നാൾവഴികളായിരുന്നു .എന്റെ വീട്ടുകാർക്കും ഒരാഴ്‌ചയ്‌ക്കപ്പുറം നീളാത്ത സ്നേഹപ്രകടനമായിരുന്നു .ആരെയും കുറ്റപ്പെടുത്തുന്നതിലർഥ മി ല് ല .പ്രായത്തിനൊത്ത പക്വത വരാത്ത ആണുങ്ങൾ ഒരർത്ഥത്തിൽ വിവാഹജീവിതത്തിനു അർഹരല്ല .വീട്ടുകാരുടെ ഇഷ്ടാനിഷ്ടങ്ങൾ ചിട്ടപ്പെടുത്താൻ കെട്ടിയ പെണ്ണിനെ അവർക്കു അവഗണിക്കേണ്ടി വരുന്ന അപക്വമായ മനസ്സ് .

      സഹനത്തിന്റ ആൾരൂപം .എന്റെ മാനസിക വൈകല്യങ്ങൾക്കും പക്വതക്കുറവിനും അനുസരിച്ചു കാര്യങ്ങൾ നിശബ്ദമായി നോക്കി നിന്നു കൂടെ .വീട്ടുകാരുടെ പ്രധാന പരാതികളിലൊന്ന് ഊർജം കുറവാണു എന്നതായിരുന്നു .പക്‌ഷേ യഥാർഥ്യം മറ്റൊന്നും .കാര്യപ്രാപ്തിയിൽ ഒരുപാടു മുന്നിലായിരുന്നു എല്ലാരെക്കാളും .എല്ലാവരും പ്രശ്നങ്ങളിൽ ചെന്ന് ചാടുമ്പോൾ മാർഗം ഉപദേശിച്ചിരുന്ന അസാമാന്യമായ വിവേകശാലി .പക്ഷെ കാര്യം കഴിഞ്ഞാൽ വീണ്ടും മറക്കും എല്ലാരും .ആകെ  ലഭിച്ചിരുന്ന ഒരേ ഒരു ആനുകൂല്യം തുടർപഠന അനുവാദം .വിട്ടുമാറാത്ത തലവേദന സഹിച്ചും അത് മുഴുവനാക്കി .അതിനിടെ ഒരാൺകുഞ്ഞിന്റെ അമ്മയായി അടിവയർ കീറിയ അസഹ്യമായ വേദനയിലും ചുണ്ടു കടിച്ചമർത്തി ചിരി വരുത്തി എന്റെ നേരെ നോക്കുമ്പോൾ അതു നിൻറെ കടമ എന്ന നപുംസക മനോഭാവം എന്റെ ചിന്തയില് ,അതും അവൾ  സഹിച്ചു .

         ഉയർന്ന ശതമാനം മാർക്കോടെ ബിരുദം കൈക്കലാക്കുമ്പോൾ ഒരേ ഒരാഗ്രഹം ചാർട്ടേർഡ് അക്കൗണ്ടന്റ് ആവുക എന്നതായിരുന്നു (അതിപ്പോഴും മനസ്സിന്റെ ഒരു കോണിൽ സൂക്ഷിക്കുന്നു ).പിന്നീട് അതിനുള്ള ശ്രമങ്ങൾ .പ്രവേശന പരീക്ഷ രണ്ടാം തവണ പാസ്സായി .തരക്കേടില്ലാത്ത ഒരു ഗുരുനാഥന്റെ അടുത്ത് നിന്ന്‌ ആർട്ടിക്കിൾ ഷിപ് മുഴുവനാക്കി .പഠനത്തോടൊപ്പം അവരുടെ നല്ല പേരും വാങ്ങി സന്തോഷത്തോടെയാണ് ആ  സ്ഥാപനത്തിന്റ പടിയിറങ്ങിയത് .

     പ്രവാസജീവിതത്തിലെ നാഴികക്കല്ലുകൾ ഒരുപാടു പിന്നിട്ട  ഞാൻ പതിനേഴ് വർഷങ്ങൾക്കിപ്പുറം താരക്കേടില്ലാത്ത ശംബളമുള്ള ജോലിക്കു ചേരുമ്പോ ജീവിതത്തിൽ ഒരു മാറ്റം (എല്ലാ  വിധത്തിലും )ആഗ്രഹിച്ചു .അവളെയും മോനെയും പ്രവാസത്തിലേക്ക് കൂടെകൂട്ടുമ്പോ കാലങ്ങൾക്കിപ്പുറം സ്വാതന്ത്ര്യത്തിന്റ പുതിയൊരു മേച്ചില്പുറങ്ങളിലേക്കാണ് ഇരുവരും വന്നിറങ്ങിയത്.അവളുടെയും മോനെയും നിർബന്ധത്തിനു വഴങ്ങി ലൈസൻസ് സ്വന്തമാക്കുമ്പോ സ്വപ്നതുല്യമായ ഒട്ടും പ്രതീക്ഷിക്കാത്ത വലിയൊരു കടമ്പ (സ്വകാര്യമായി ഞാൻ ഉള്ളിൽ ഒളിപ്പിച്ചിരുന്ന ആഗ്രഹം )കടക്കുകയായിരുന്നു .ചെറിയൊരു വാഹനം സ്വന്തമാക്കി ദുബായ് നഗരത്തിന്റെ വീഥികളിലൂടെ ചീറിപ്പായുമ്പോൾ മനസ്സുകൊണ്ട് ഒരായിരം വട്ടം ഞാൻ അവളോട് നന്ദി പറഞ്ഞു .ഒന്നും പ്രതീക്ഷിക്കാതെ ഈ  മഹാനഗരത്തിൽ അവളുടെ ധർമങ്ങൾ ഭംഗിയായി നിർവഹിച്ചു ആരോടും  പരാതിയില്ലാതെ എന്റെ കൂടെ ,എന്റെ തൊട്ടടുത്ത് ഇന്നവൾ എന്റെ തോൾ ചാരിയിരിക്കുമ്പോ അവൾക്കു വേണ്ടത് ഒന്ന് മാത്രം കലർപ്പില്ലാത്ത ഇത്തിരി സ്നേഹം ,സ്നേഹത്തോടെ ഒരു നോട്ടം ,എന്റെ സാമീപ്യം ..........,